ആനന്ദം ആനന്ദി ബെന്‍ പട്ടേലിന്; ഗുജറാത്തില്‍ സംഭവിക്കുന്നത്

4 months ago 5
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ തെളിയുന്നത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് ബി.ജെ.പിയിലുള്ള സ്വാധീനം. ബി.ജെ.പിക്കുള്ളില്‍ ആനന്ദിയുടെ എതിരാളിയായ വിജയ് രൂപാണിയെ മാറ്റിയാണ് അവരുടെ വിശ്വസ്തനായ ഭൂപേന്ദ്ര പട്ടേലിന് കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. ആനന്ദി ബെന്‍ പട്ടേലുമായി ഭൂപേന്ദ്രക്ക് മൂന്നു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ബന്ധമാണുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് പറയുന്നു.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി പദവി ഏറ്റെടുക്കാന്‍ 2014ല്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴാണ് ആനന്ദി ബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. മുന്‍ മോദി സര്‍ക്കാരില്‍ ആനന്ദിക്കു പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഭൂപേന്ദ്രയെ അഹമദാബാദ് മുന്‍സിപ്പാലിറ്റിയുടെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാക്കിയിരുന്നു. പിന്നീട് 2015ല്‍ അഹമദാബാദ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍മാനുമാക്കി. ഇതിന് ശേഷമാണ് മന്ത്രിസഭയില്‍ റെവന്യു-നഗരവികസന മന്ത്രിയാക്കുന്നത്.

സാമ്പത്തികമായി ദുര്‍ബലരായ മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗക്കാര്‍ നടത്തിയ അക്രമസമരം ആനന്ദി ബെന്‍ സര്‍ക്കാരിനെ ഏറെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം ഉനയില്‍ ദലിതുകളെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവവും ഉണ്ടായി. ഇതൊക്കെ മൂലം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് നിരവധി സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു.

പ്രശ്‌നങ്ങള്‍ നേരിടാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന മുന്നോക്കക്കാര്‍ക്ക് ജനറല്‍ ക്വോട്ടയില്‍ പത്ത് ശതമാനം സംവരണം നല്‍കാന്‍ ആനന്ദി ബെന്‍ തീരുമാനിച്ചു. പക്ഷെ, അമിത് ഷായുടെ വലംകൈ ആയി അറിയപ്പെടുന്ന വിജയ് രൂപാണി അടക്കമുള്ള മന്ത്രിമാര്‍ അതിനെ എതിര്‍ത്തു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രനേതൃത്വം ആനന്ദിയെ കൊണ്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിച്ചു. അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് അവര്‍ രാജി വെച്ചത്.

പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും വിജയ് രൂപാണി മതിയെന്നാണ് അമിത് ഷാ തീരുമാനിച്ചത്. ആനന്ദിയെ മാറ്റി രൂപാണിയെ കൊണ്ടുവന്നത് അമിത്ഷായുടെ രാഷ്ട്രീയ നീക്കമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം എം.എല്‍.എ സ്ഥാനവും ആനന്ദി രാജി വെച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറായി ഉത്തര്‍പ്രദേശിലേക്ക് പോയി.

അങ്ങനെയാണ് അവരുടെ സീറ്റായ ഘാട്ട്‌ലോഡിയയില്‍ ഭൂപേന്ദ്രക്ക് പാര്‍ടി സീറ്റ് നല്‍കുന്നത്. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര ജയിക്കുന്നത്. ഗുജറാത്തിലെ പ്രബല ന്യൂനപക്ഷമായ ജൈന വിഭാഗത്തില്‍ നിന്നുള്ള വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കു കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. 182ല്‍ 99 സീറ്റു മാത്രമേ പിടിക്കാനായുള്ളൂ.

ഇപ്പോഴാവട്ടെ കൊവിഡ്-19 പ്രതിരോധത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് കാര്യമായ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സംഘടനാപരമായും ഭരണപരമായും ഗുജറാത്തിലെ ബി.ജെ.പി ഒരു പ്രതിസന്ധിയിലാണ്. അതു കൊണ്ടാണ് ആനന്ദി ബെന്നിന്റെ വിശ്വസ്തന്‍ മുഖ്യമന്ത്രി പദവിയില്‍ എത്തിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് പറയുന്നത്. ഈ തീരുമാനത്തെ അമിത് ഷായും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

വിജയ് രൂപാണിയോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുന്ന ചടങ്ങില്‍ അമിത് ഷാ പങ്കെടുത്തിരുന്നില്ല. പക്ഷെ, ഭൂപേന്ദ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമിത് ഷാ എത്തിയിട്ടുണ്ട്. ഇതെല്ലാം ആനന്ദി ബെന്‍ പട്ടേലിന്റെ വിജയമാണ്.

****

(Compiled by അനീബ് പി.എ)

Read Entire Article