കശ്‍മീരില്‍ കൊല്ലപ്പെട്ട പോലീസുകാരന്‍റെ സംസ്‍കാരത്തിന് ആയിരങ്ങള്‍

4 months ago 9
ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ആയിരങ്ങള്‍.ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള കല്‍മുന ഗ്രാമത്തിലേക്ക് 25 വയസുകാരനായ സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് അഹമ്മദ് മിറിന്റെ മൃതദേഹം എത്തിയപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ തടിച്ചു കൂടുകയായിരുന്നു.

വൈദ്യപരിശോധനക്കായി തടവിലുണ്ടായിരുന്ന ആളെ ശ്രീനഗര്‍ ഡൗണ്‍ടൗണില്‍ ഖന്യാറിലുള്ള മെഡിക്കല്‍ സ്ഥാപനത്തിലേക്ക് കൊണ്ടുപോകവേയാണ് ഉദ്യോഗസ്ഥന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞതായി എന്‍ടിഡിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'ധീരനായ യുവ ഉദ്യോഗസ്ഥനെയാണ് നഷ്ടമായിരിക്കുന്നത്. കുറ്റാരോപിതനായ ഒരാളെ പരിശോധിക്കാന്‍ വേണ്ടി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് പുറത്തേക്ക് വരുന്ന സമയത്താണ് പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റത്.'-- പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് വിശദീകരിച്ചു.

'കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.'-- സിംഗ് വ്യക്തമാക്കി.

'പൊലീസ്, സുരക്ഷ സേന അല്ലെങ്കില്‍ ഒരു പൗരനായിക്കൊള്ളട്ടെ, നഷ്ടപ്പെടുന്ന ഓരോ ജീവനും ഞങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. അത്തരം കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ഈ കേസിലും ഞങ്ങളുടെ അന്വേഷകര്‍ കുറ്റവാളികളെ പിടികൂടും. ഉടനെ തന്നെ അതുണ്ടാകും.'-- സിംഗ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ജമ്മു കശ്മീര്‍ പൊലീസിലേക്ക് സബ് ഇന്‍സ്‌പെക്ടറായി മിര്‍ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു വര്‍ഷത്തെ നീണ്ട പരിശീലനത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഖനിയാര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം നിയമിതനായത്.

പൊലീസ് ഉദ്യോഗസ്ഥനെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീഡിയോയില്‍ ഭീകരന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പുറകിലൂടെ വന്നാണ് വെടിയുതിര്‍ത്തത്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെച്ച് നടന്ന ഷൂട്ടിങ്ങില്‍ ഉദ്യോഗസ്ഥന്റെ തലയിലേക്ക് മൂന്ന് വെടിയുണ്ടകളാണ് പതിച്ചത്.

വെടിവെച്ചയുടനെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പിന്തുടരുന്നത് വീഡിയോയില്‍ കാണുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥനെ സഹായിക്കാനായി അദ്ദേഹം തിരികെ വരികയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനെ ഷേര്‍-ഐ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

'അദ്ദേഹത്തിന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.'--ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഫാറൂഖ് ജാന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്.

ശ്രീനഗറിലെ ഖന്യാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള പൊലീസ് ചെക്ക്‌പോസ്റ്റിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതായി ക്വിന്റ് പറയുന്നു.

കൂടുതല്‍ സൈന്യത്തിനെ സ്ഥലത്തേക്ക് വിന്യസിക്കുകയും പ്രദേശം മുഴുവന്‍ വളയുകയും ചെയ്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അപലപിച്ച് രംഗത്തെത്തിയിരുന്നു.

'ഞങ്ങളുടെ ധീരനായ പൊലീസ് ഓഫീസര്‍ അര്‍ഷാദ് അഷ്‌റഫ് മിറിനെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞാന്‍ ശക്തമായി തന്നെ അപലപിക്കുന്നു. ഇത് മാനുഷികതയുടേയും സാമാധാനത്തിന്റയേും ശത്രുക്കളുടെ തന്ത്രമാണ്. മിറിന്റെ പരമോന്നത ത്യാഗം വെറുതെയാകില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക് ശിക്ഷ നല്‍കുക തന്നെ ചെയ്യും. ധീര രക്തസാക്ഷിയുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു,'-- ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.

****

(Compiled by ശ്രുതി സി.ആർ)

Read Entire Article