ഖത്തര്‍ ശൂറാ കൗണ്‍സില്‍- സ്ഥാനാര്‍ഥിപ്പട്ടിക തയ്യാര്‍; പ്രചാരണത്തിന് ഇന്ന് തുടക്കമാവും

4 months ago 5

ഖത്തര്‍ ഭരണ ഘടനയുടെ വ്യവസ്ഥകള്‍ക്ക് അകത്തുനിന്നു കൊണ്ടു മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണം പാടുള്ളൂ

ദോഹ: ഖത്തര്‍ ഭരണസംവിധാനത്തില്‍ ജനാധിപത്യപരമായ ചരിത്ര മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അതോടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാവും. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറി കമ്മിറ്റി അറിയിച്ചു.

​മത്സരിക്കാന്‍ 30 വനിതകളും

-30-

ഇതോടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാം. തെരഞ്ഞെടുപ്പ് തീയ്യതിയായ ഒക്ടോബര്‍ രണ്ടിന് 24 മണിക്കൂര്‍ മുമ്പ് വരെ പ്രചാരണം അനുവദിച്ചിട്ടുണ്ട്. ഖത്തറിലെ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കാന്‍ അധികാരമുള്ള ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 30ഓളം വനിതകള്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് ചട്ടങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. 45 അംഗ ശൂറ കൗണ്‍സിലിലേക്ക് 30 പേരെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. ബാക്കി 15 പേരെ ഖത്തര്‍ അമീര്‍ നാമനിര്‍ദേശം ചെയ്യും.

​സൗജന്യ പ്രചാരണത്തിന് 14 വേദികള്‍

-14-

സ്ഥാനാര്‍ഥികള്‍ക്ക് സൗജന്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനായി 14 വേദികള്‍ ഒരുക്കിയതായി തിരഞ്ഞെടുപ്പ് സൂപ്പര്‍വൈസറി കമ്മിറ്റി മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്താഹ് അറിയിച്ചു. സാംസ്‌ക്കാരിക- സ്‌പോര്‍ട്‌സ് മന്ത്രാലയവുമായി സഹകരിച്ച് ഒന്‍പത് ക്ലബ്ബ് ഹാളുകളിലും അഞ്ച് യൂത്ത് സെന്ററുകളിലുമാണ് പ്രചാരണത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. വേദികളുടെ ബുക്കിംഗിന് സ്ഥാനാര്‍ഥികള്‍ക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാമെന്ന് അല്‍ മുഫ്താഹ് പറഞ്ഞു. ഇവിടെ വച്ച് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണ യോഗങ്ങള്‍ ചേരാനും വോട്ടര്‍മാരുമായി ആശയ വിനിമയങ്ങള്‍ നടത്താനും വോട്ടഭ്യര്‍ഥ നടത്താനും സൗകര്യമുണ്ടായിരിക്കും.

​വോട്ടെടുപ്പ് ഒക്ടോബര്‍ രണ്ടിന്

പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, ബജറ്റ് എന്നിവ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട ബോഡിയാണ് ശൂറ കൗണ്‍സില്‍. പ്രതിരോധം, സുരക്ഷ, സാമ്പത്തികം, നിക്ഷേപം എന്നിവ ഒഴിച്ചുള്ള മേഖലകളില്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും ശൂറ കൗണ്‍സിലിന് സാധിക്കും. ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ രണ്ടിന് നടക്കുമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹിജ്റ വര്‍ഷം സഫര്‍ മാസം 25നായിരിക്കും വോട്ടെട്ടുപ്പ്. വോട്ടര്‍ പട്ടികയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അമീര്‍ 2021ലെ നാല്‍പതാമത്തെ ഉത്തരവിലൂടെ വ്യക്തമാക്കി.

​വ്യാപാരികളിലും നിന്നും വിദേശികളില്‍ നിന്നും ഫണ്ട് വാങ്ങരുത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 20 ലക്ഷം റിയാല്‍ വരെ മാത്രമേ ചെലവഴിക്കാന്‍ അനുവാദമുള്ളൂ. ഇതില്‍ 35 ശതമാനം വരെ സംഭാവനയായി സ്വീകരിക്കാം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നോ മറ്റ് സ്രോതസ്സ് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളില്‍ നിന്നോ ഫണ്ട് സ്വരൂപിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. തെരഞ്ഞെടുപ്പ് ചെലവിന്റെ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാനും പണത്തിന്റെ ഉറവിടം നിരീക്ഷിക്കാനും ശക്തമായ സംവിധാനമുണ്ടാവും. തിരഞ്ഞെടുപ്പ് ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

​മാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക്

സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പൊതു, സ്വകാര്യ മാധ്യമങ്ങള്‍ പക്ഷപാതിത്തമില്ലാത്ത രീതിയില്‍ വസ്തുനിഷ്ഠമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കവറേജ് നല്‍കണം. എല്ലാ സ്ഥാനാര്‍ഥികളെയും ഒരു പോലെ മാത്രമേ മാധ്യമങ്ങള്‍ കാണാവൂ. തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍, പണം കൊടുത്തോ മറ്റ് സ്വാധീനങ്ങള്‍ ഉപയോഗിച്ചോ വോട്ട് വാങ്ങല്‍ തുടങ്ങിയ ചട്ടലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ നിയമിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കുക.

​പ്രചാരണ യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

ജില്ലാ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് ഹാളിന്റെ 200 മീറ്റര്‍ ചുറ്റളവിലും ഒരു രീതിയിലുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചു മാത്രമേ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താവൂ എന്നും മേല്‍നോട്ട കമ്മിറ്റി വ്യക്തമാക്കി. സ്വകാര്യ മജ്ലിസുകളിലും ടെന്റുകളിലും പ്രചാരണം പാടില്ല. ആളുകള്‍ ഒരുമിച്ചു കൂടുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കാനോ പ്രഭാഷണങ്ങള്‍ നടത്താനോ പാടില്ല.

​തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം

ഖത്തര്‍ ഭരണ ഘടനയുടെ വ്യവസ്ഥകള്‍ക്ക് അകത്തുനിന്നു കൊണ്ടു മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണം പാടുള്ളൂ. മറ്റുള്ളവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം കൂടി അംഗീകരിക്കുന്ന രീതിയിലായിരിക്കണം പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഖത്തര്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളോ എംബ്ലമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതു പ്രകാരം പ്രചാരണത്തിനാവശ്യമായ യോഗങ്ങള്‍, പരസ്യങ്ങള്‍, ബുള്ളറ്റിനുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ച് മൂന്ന് ദിവസത്തിനകം എല്ലാ പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : qatar shura council list of candidates ready
Malayalam News from malayalam.samayam.com, TIL Network

Read Entire Article